Read Bible

Free to use • No login or registration required • For all ages

Choose your language, version, book, and chapter below. You can optionally pick a single verse for a focused view. Then click Go to see the passage. Need help? See our How to use guide.

1 Samuel 11

1. അതിനുശേഷം അമ്മോൻ രാജാവായ നാഹാശ് വന്ന് ഗിലെയാദിലെ യാബേശിനെതിരെ പാളയം ഇറങ്ങി; യാബേശിൽ വസിക്കുന്നവർ നാഹാശിനോട്: “ഞങ്ങളോട് ഒരു ഉടമ്പടിചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു.

2. അമ്മോന്യനായ നാഹാശ് അവരോട്: “നിങ്ങളുടെ വലത്തെ കണ്ണുകൾ തുരന്നെടുക്കയും എല്ലാ യിസ്രായേൽ ജനങ്ങളെയും നിന്ദിക്കുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോട് ഉടമ്പടി ചെയ്യാം” എന്നു പറഞ്ഞു.

3. യാബേശിലെ മൂപ്പന്മാർ അവനോട്: “ഞങ്ങൾ യിസ്രായേൽദേശത്തെല്ലാം ദൂതന്മാരെ അയയ്ക്കുന്നതിന് ഞങ്ങൾക്ക് ഏഴു ദിവസത്തെ അവധി തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്‍റെ അടുക്കൽ ഇറങ്ങിവരാം” എന്നു പറഞ്ഞു.

4. ദൂതന്മാർ ശൗലിന്‍റെ ഗിബെയയിൽ ചെന്നു ആ വാർത്ത ജനത്തെ പറഞ്ഞ് കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.

5. അപ്പോൾ ശൗല്‍ കന്നുകാലികളെയും കൊണ്ട് വയലിൽനിന്ന് വരികയായിരുന്നു. “ജനം കരയുവാൻ കാരണം എന്ത്?” എന്നു ശൗല്‍ ചോദിച്ചു. അവർ യാബേശ്യരുടെ വാർത്ത അവനെ അറിയിച്ചു.

6. ശൗല്‍ വാർത്ത കേട്ടപ്പോൾ ദൈവത്തിന്‍റെ ആത്മാവ് അവന്‍റെമേൽ ശക്തിയോടെ വന്നു; അവന്‍റെ കോപം ഏറ്റവും ജ്വലിച്ചു.

7. അവൻ രണ്ടു കാളകളെ പിടിച്ചു കഷണംകഷണമായി മുറിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽ ദേശത്തെല്ലായിടത്തും കൊടുത്തയച്ചു: ആരെങ്കിലും ശൗലിന്‍റെയും ശമൂവേലിന്‍റെയും കൂടെ യുദ്ധത്തിന് വരാതിരുന്നാൽ അവന്‍റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.

8. ശൗല്‍ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു.

9. ദൂതന്മാരോടു ശൗല്‍: “നിങ്ങൾ ഗിലെയാദിലെ യാബേശ്യരോട്: നാളെ ഉച്ച ആകുമ്പോഴേക്ക് നിങ്ങൾക്ക് രക്ഷ ഉണ്ടാകും എന്നു പറവിൻ” എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു യാബേശ്യരോട് അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു.

10. പിന്നെ യാബേശ്യർ നഹാശിനോട്: “നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങളുടെ ഇഷ്ടംപോലെ ഞങ്ങളോടു ചെയ്തുകൊൾവിൻ” എന്നു പറഞ്ഞയച്ചു.

11. പിറ്റെ ദിവസം ശൗല്‍ ജനത്തെ മൂന്നു കൂട്ടമായി വിഭജിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്‍റെ നടുവിലേക്കു ചെന്നു ഉച്ചവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവർ ഒന്നിക്കാതവണ്ണം ചിതറിപ്പോയി.

12. അപ്പോൾ ജനം ശമൂവേലിനോടു: “ശൗല്‍ ഞങ്ങൾക്കു രാജാവായിരിക്കുമോ? എന്നു ചോദിച്ചത് ആർ? അവരെ ഏല്പിച്ചുതരണം; ഞങ്ങൾ അവരെ കൊന്നുകളയും” എന്നു പറഞ്ഞു.

13. അതിന് ശൗല്‍: “ഇന്ന് ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്ന് യഹോവ യിസ്രായേലിനു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.

14. പിന്നെ ശമൂവേൽ ജനത്തോട്: “വരുവിൻ; നാം ഗില്ഗാലിൽ ചെന്നു, അവിടെവച്ചു രാജത്വം പുതുക്കുക” എന്നു പറഞ്ഞു.

15. അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൗലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൗലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.